ജാലകം

2010 നവംബർ 6, ശനിയാഴ്‌ച

നിയമറാഗിംഗ്

ഓര്‍മ്മവെച്ച നാള്‍ മുതല്‍ സ്വപ്നമായിരുന്നെന്ടെ
ഈ കരിം കോട്ടും ടൈയും കോടതി വരാന്തയും.
ഇന്നു ഞാനെത്തിച്ചേര്‍ന്നൂ, നിയമകലാലയത്തിങ്കലീ
'നിയമഞ്ജര്‍' വാഴുമീ കൊട്ടാരത്തില്‍ .

കേള്‍ക്കണോ നിങ്ങള്‍ക്കെന്ടെ നാടിന്ടെ സംസ്കാരത്തെ
വാഴ്ത്തുമീ കോളേജിന്ടെ മഹത്താം പാരമ്പര്യം.
നാവറയ്ക്കുന്നൂ അന്നിന്‍ സത്യങ്ങള്‍ പുലമ്പുവാന്‍
വാക്കുകളില്ലായെന്ടെ ഓര്‍മ്മതന്‍ നിഘണ്ടുവില്‍ .

ആപ്പീസുമുറിയുടെ വഴികാട്ടിയായെന്നെ
എത്തിച്ചൂ ശൗച്യാലയത്തിന്നടുത്ത പടി വരെ,,
കൂടെയുണ്ടായോരെന്ടെ അച്ഛനെ ചൂണ്ടിക്കാട്ടി
കെട്ടിയോനിവനെന്നു കൊട്ടിഘോഷിച്ചൂ, ചിലര്‍ .

നിക്കെടീ നിവര്‍ന്നു നീ, ശിരസ്സു കുനിക്കെടീ,
കേട്ടു ഞാന്‍ ഞെട്ടിപ്പോയി, തല പോകുമോ ദൂരെ.
വക്കീലാവാന്‍ വന്നോളല്ലേ, കേള്‍ക്കട്ടേ പരിഞ്ജാനം
ചൊല്ലെടീ, എല്‍ .എല്‍ .ബീ ടെ ഫുള്ഫോമൊന്നുറക്കെയായ്.

'ബാച്ചിലര്‍ ലോ' യെന്നു ഞാന്‍ മൊഴിഞ്ഞൂ, മറുപടി,
തെറ്റിപ്പോയ്, നൂറാവൃത്തി എഴുതൂ, ഉടനടി.
എല്‍ .എല്‍ .ബിയെന്നാലിന്നു
"ലൈസന്‍സ് ഫോര്‍ ലോ ബ്രേക്കിംഗ് പോല്‍ "

കൊല്ലുവാനടിക്കുവാന്‍ , ടീച്ചറെ പഠിപ്പിക്കാന്‍
റോഡിലൂടോടും വണ്ടി തീവെച്ചു കരിച്ചിടാന്‍ ,
കാശിനച്ഛനെ വാങ്ങാന്‍ , ഗൌരീപുഷ്പ്മുണ്ടാക്കാന്‍
പ്യൂണിനെ പ്രിന്‍സിപ്പലായ് നിയമിക്കുവാന്‍ വരെ.

കേറെടീ ബന്ചിന്‍ മേലെ, ചാടടീ ഡസ്കില്‍ നിന്നും
ചൊല്ലെടീ ഇവനില്‍ നീ പൌരുഷം കാണുന്നുണ്ടോ?
ഓട്ടുമൊന്തപോലുള്ള മോന്തയാലൊരു പയ്യന്‍ ,
മുന്നില്‍ നില്ക്കുമാരൂപം കണ്ടു ഞാന്‍ വിറച്ചു പോയ്.

താടിമീശരോമത്താല്‍ വിഖ്യാതനല്ലോ, നമ്മിന്‍
കേരസാമ്രാജ്യത്തിന്ടെ മഹത്താം പുരുഷന്മാര്‍
'ആണെ'ന്നാകിലോയെന്നെയിവന്മാര്‍ കൊത്തിക്കൊല്ലും
അല്ലെന്നാകിലോയിവനൊറ്റയ്ക്കു വെട്ടിക്കൊല്ലും.

ഇടിവാളുപോലൊരു ബുദ്ധിയന്നുദിച്ചെന്നില്‍
ഇവനാണെന്‍ സങ്കല്പ പുരുഷന്നവതാരം."
ഏറെ നേരത്തിന്‍ മുമ്പേയെത്തിയ പോളിട്ടീച്ചര്‍
രക്ഷിച്ചൂ അന്നേരത്തെ മഹത്താം വിപത്തിനെ.

കേള്‍ക്കണോ ഇതിന്‍ പിന്നില്‍ മറയും സൈക്കോളജി,
ധീരയാക്കുവാനെന്നെ ഭീരുവിന്‍ തന്ത്രം നോക്കൂ.
തുല്യമന്ത്രമോതുന്ന ആര്‍ട്ടിക്കിള്‍ പതിനാലും
അവകാശ തത്വത്തിന്‍ ഭരണഘടനയും

ഇന്ത്യതന്‍ ശിക്ഷാവേദം പീനല്‍ കോഡൊന്നും തന്നെ
നിസ്സഹായയായ് നില്‍ ക്കുമന്നെന്നെത്തുണച്ചില്ലാ.
നീതിയ്ക്കായവകാശപ്പോരാട്ടക്കളത്തിങ്കല്‍
വക്കാലത്തു നല്‍ കേണ്ടുന്നോന്‍ വക്കീലായ് വിലസേണ്ടോന്‍
പ്രാകൃതന്‍ മാരാം വെറും കാട്ടിലെ മ്രുഗം പോലെ
ക്രൂരമീയനീതിതന്‍ ഭാഗഭാക്കായീടുന്നൂ.

2 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. കേട്ട് കേള്‍വിയുടെയും, അറിവിന്‍റെയും, കുറവുകൊണ്ട്‌ എങ്ങിനെയോ വക്കീലായവന്‍ ഞാന്‍. എന്‍റെ മനസ്സു മുറിപെട്ടു പാവം ഉണ്ണി വേലുവിന്‍റെ കയ്യില്‍ നിന്ന് App ക്ക് കൈക്കൂലി വാങ്ങി നൂറു രൂപ നോട്ട് പോക്കറ്റിലിടുന്നവരെ കണ്ടപ്പോള്‍ ഓടി ഒളിക്കാന്‍ സ്ഥലം തിരഞ്ഞപ്പോള്‍ എത്തിപെട്ടു, വര്‍ഷങ്ങളോളം ഇന്ത്യയെ പിഴിഞ്ഞ് ജീവിച്ച ഇന്ഗ്ലീഷ്കാരന്‍റെ നാട്ടില്‍...........!! തോന്നുന്നു ഹൃദയം കൊണ്ട് ബഹുമാനം....... മനുഷ്യന്റെ കഴിവ്കേടായി കാണില്ലെങ്കില്‍ ഞാനൊന്ന് ശിരസ്സ്‌ കുനിക്കുന്നു, ഈ സഹോദരിക്ക് മുന്നില്‍..........

    മറുപടിഇല്ലാതാക്കൂ