ജാലകം

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

തീര്‍ഥാടനം

ഇന്നെന്റെ ആകാശത്തിലായിരം റോസാപ്പൂക്കള്‍
ഒന്നിച്ചു വിരിഞ്ഞതു നിങ്ങള്‍ കണ്ടതില്ലയോ?
നീലയാം വാനത്തിങ്കല്‍ തട്ട് തട്ടുകളായി
ധവള ധൂമങ്ങളേ ചലിക്കാതെ നീ നില്പൂ.
നിങ്ങള്‍ തന്നുദ്യാനത്തില്‍ ഞാന്‍ വരട്ടെയോ കൂടെ.
നിങ്ങള്‍ തന്‍ ദളങ്ങളെ ഞാനൊന്നു തലോടട്ടേ.
ഞാനൊന്നു ചുംബിക്കട്ടെ, നിന്റെ പൂമ്പോടികളെ,

നിന്നോരോ പടികളില്‍ ചവിട്ടി ചവിട്ടി
ഓ, മേഘസുന്ദരീ ഞാനും വരട്ടേ നിന്നോടൊപ്പം.
നിന്‍ വര്‍ണ്ണ ചിറകേറ്റി എന്നെ നീ ചുറ്റിക്കാമോ
ഈ വിശ്വ തലങ്ങളും ഗഗനാന്തരങ്ങളും.

കൂടുമോയെന്നോടൊപ്പം ഞാനാകും തീര്‍ഥാടക
ചരിക്കും പന്ഥാവിങ്കല്‍ സഖിയായ്‌ വരുമോ നീ.
എന്റെയീ ശരീരത്തെ ത്യജിക്കാം എന്നേക്കുമായ്
എന്നാലീ ആത്മാവിനെ വഹിക്കാനൊരുങ്ങുമോ?

പണ്ട് ഞാന്‍ സൂര്യന്നുള്ളില്‍ ജ്വലിക്കും പ്രകാശത്തെ
കൈകുംബിളിന്നകത്താക്കി നോക്കിയ നേരം കണ്ടൂ,
എന്നതേ മുഖം പിന്നെ മേഘ പാളിയാല്‍
തീര്‍ത്ത സുന്ദര കൊട്ടാരവും ഉള്ളിലാ മാലാഖയും.

മാനത്തു നിലാവൊന്നു വന്നു വീഴ്വതും കാത്തു
ഞാനിരുന്നേറെക്കാലം അച്ഛനെ കാണാനായി.
നിന്നുള്ളിലെ കറുപ്പിനെ അച്ഛനായ് നിനച്ചതിന്‍
ചാരത്തെ ചെറു രൂപം മകളാം ഞാനായെങ്കില്‍.

നക്ഷത്രം പൂക്കും കാലം ആഹ്ലാദത്തിമിര്‍പ്പോടെ തുള്ളി
ഞാന്‍ ചാന്‍ ചാടാറുന്ടെന്നാത്മാക്കളോടൊപ്പം ഭൂവില്‍.
മണ്ണിനെ പിരിഞ്ഞു പോം ഓരോരോ ശരീരവും
ദൂരെയങ്ങാകാശത്തില്‍ ആത്മാവായ് വിരിയുമോ?

1 അഭിപ്രായം:

  1. സക്കീന .
    തോന്ന്യാക്ഷരങ്ങളില്‍ ടാഗ് ചെയ്തതിന് നന്ദി ..
    കവിതകള്‍ നന്നായിട്ടില്ലെന്നല്ല ,പക്ഷെ നിങ്ങളുടെ കുറിപ്പുകള്‍ ആണ് എനിക്ക് കൂടുതല്‍ ഇഷ്ടം ..
    ജീവിതാനുഭവങ്ങളുടെ ഉള്‍ചൂട് ഉള്ളത് കൊണ്ടാകണം അവ എന്നെ വല്ലാതെ സ്വാധീനിക്കാറുണ്ട്
    ധാരാളമായി എഴുതുക സഹോദരീ ,നിന്റെ വാക്കുകള്‍ എനിക്ക് ഇഷ്ടമാണ് വളരെ

    മറുപടിഇല്ലാതാക്കൂ