ജാലകം

2017 ജനുവരി 6, വെള്ളിയാഴ്‌ച


സങ്കല്പ ഭാരതം.
(ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിലെഴുതി എൺപത്തിയേഴിലെ അൽ അമീനിന്റെ മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യ കവിത.)



പുണ്യയായ് സ്വതന്ത്രയായ്
ചരിക്കും മാതാവേ നിന്നോർമയിൽ
നീറുന്നൊരീ ചൂടിൽ
ഞാൻ ദഹിക്കുന്നൂ.

ധീരരാം മഹാത്മാക്കൾ
ചോരയിൽ കുളിച്ചിട്ട്
നേടിയ സ്വാതന്ത്ര്യത്തെ
ചൂടിയോരമേ നീയാ-
മിന്ത്യയെ രക്ഷിക്കുവാൻ
ബന്ധനം പൊട്ടിക്കുവാൻ
മാതൃ സ്നേഹിയാമെത്ര
മക്കളെ പിരിഞ്ഞു നീ.

ഇന്ന് നീ സ്വാതന്ത്രയാ -
മെങ്കിലും ഒന്നിൽ മാത്രം
ക്രൂരരാം ബ്രിട്ടീഷിനെ
തോൽപിച്ചെങ്കിലും പക്ഷേ
അക്രമം അനീതികൾ
വളർത്തി പൂജിച്ചല്ലോ
നിൻ പൂർവ്വികർ സ്വപനം
കണ്ടോരിന്ത്യയെ കണ്ടില്ലല്ലോ.

ആർഷ ഭാരതത്തിന്റെ
ആദർശ സങ്കൽപ്പങ്ങൾ
നിന്നിലൂടൊഴുകി ഞാൻ
നിർവൃതിയടയട്ടെ
മതത്തിൻ പേക്കോലങ്ങൾ
ചവിട്ടും നൃത്തങ്ങളിൽ
പാടാത്ത ഇന്ത്യാക്കാരൻ
പാഴ്സ്വപ്നങ്ങളിൽ മാത്രം.

ഭാരതം റോം ആക്കുവാൻ
ഭരിക്കും കൃസ്ത്യാനിയെ
ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്കാ_
യോതുന്ന ഹിന്ദുക്കളെ
ഇന്ത്യയെ ഇസ്ലാമാക്കാൻ
ചിന്തിക്കും മുസൽമാനെ
വഹിക്കും ഇന്ത്യക്കെന്നും
മോചനം സ്വപ്നം മാത്രം.

രാഷ്ട്രീയം ഭരിക്കാത്ത
മതങ്ങൾ വളരാത്ത
ജാതികൾ തളിർക്കാത്തോ -
രിന്ത്യയെ സങ്കല്പിക്കാം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ