ജാലകം

2010 നവംബർ 22, തിങ്കളാഴ്‌ച

സ്ത്രീയെന്ന പാഴ്കനി.

തിക്ത ഭാവത്തിന്റെ അഗ്നികുണ്ഡത്തിലീ
ശാപ വര്‍ഷത്തിന്റെ തീരാ ധ്വനികളില്‍
എന്നന്തരാത്മാവിന്‍ രാഗമായ് തീരുമീ
അക്ഷര കൂട്ടമേ നീയും പുരുഷനോ?

ബ്രഹ്മ സായൂജ്യ വഴിയോതുന്ന മന്ത്രവും
പുണ്ഠരീകോത്ഭവന്‍ വാഴുമാ ക്ഷേത്രവും
ദേവനെ കാക്കുമീ തന്ത്രിയും പുരുഷാ, നീ
നൂറ്റാണ്ടുകളായ് പോറ്റിയ സൃഷ്ടികള്‍.

സൃഷ്ടിക്കപവാദമായ് പിറന്നധി ശാപമായ്
ക്രൂരമാം നിന്നിലെ വാരിയെല്ലില്‍, അന്ന്
തൊട്ടിന്നു വരെയെന്റെ കണ്ണ് നീര്‍
ഭൂവില്‍ പതിക്കുന്നു, സ്ത്രീത്വമെന്നെന്റെ പേര്‍ .

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയും.
നിന്‍ മഹത് പൌരുഷം പാടവേ
എന്റെ തീരാ ഗര്‍ഭ നോവേറ്റു പെറ്റ
കുഞ്ഞിന്റെ അസ്തിത്വവും മാറ്റി നീ നില്‍ക്കുന്നു.

സ്ത്രീ നിനക്കെന്നും കളിപ്പാട്ടമായ്
രതി ക്രീഡകള്‍ തീര്‍ക്കുമോരായുധമാകവേ
അന്യനാകുന്നില്ലെനിക്ക് നീ അച്ഛനായ്
പുത്രനായെന്റെ സര്‍വ്വസ്വമാകുന്നെന്നും

ഏതേതിഹാസകാവ്യത്തിനുള്ളിലും
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലും
പച്ചയായ് കാണ്മൂ ഞാനീ യൊരേ ധ്വനി
വേണ്ടയീ മണ്ണില്‍ നീയാം വെറും പാഴ് കനി. .

പാതിവ്രത്യ പരീക്ഷണ ചൂളയില്‍
പരിത്യക്തയാം സീതയായ് പണയ കുരുക്കില്‍
വിവസ്ത്രയാം കൃഷ്ണയായ് കത്തിയാളും
ചിതയിലെരിഞ്ഞൂ സതിയായി ഞാന്‍.

നീണ്ടോരിരുപതു നൂറ്റാണ്ടുകളെന്റെ
ഹൃത്ത് വാര്‍ന്നോഴുകുമീ രക്തപ്പുഴയോക്കെ
ഭാവനയാകവേ മാറില്ല വാക്കുകള്‍
സ്ത്രീയായിരിക്കും പ്രതിധ്വനിയായെന്നും

2010 നവംബർ 13, ശനിയാഴ്‌ച

പനി

മുറ്റത്തു വീഴുന്ന വെള്ളത്തെ
മഴയായറിയാത്ത നാളില്‍ ഞാന്‍
തുള്ളിക്കളിക്കാനായെത്തി
നിന്‍ ചാരെ പൊട്ടിച്ചിരിയുമായ് .
മഴ നീ നനഞ്ഞുവോ ഉണ്ണീ,
ഓടിക്കിതച്ഛമ്മയടുത്തെത്തി.
പനിയായ് മാറിടും നാളെ
തോര്‍ ത്തിനാല്‍ മെല്ലെ തുടപ്പിച്ച്ചു.
കണ്ണ് പൂട്ടി ഞാനുറങ്ങവേ,
ശ്വാസം മെല്ലെ തടയുന്നുവോ?
കരയാതെന്റെ കണ്‍കളില്‍
കണ്ണുനീര്‍ നിറയുന്നതെന്തിനോ?
കനം പേറുന്ന തലയുമായ്
ആയാസപ്പെട്ട്‌ ചുമയ്ക്കവേ
അമ്മ വീണ്ടും ചൊല്ലുന്നൂ
ഉണ്ണീ പനി നീ വരുത്തിയോ?
ഉറക്കം വിട്ടെഴുന്നേറ്റു തലയെന്റെ
തൊട്ടു തലോടുന്നു,
ഈശ്വരാ, നല്ല പനിയല്ലോ
ഓടുന്നടുക്കള തന്നിലായ്
ചുക്ക് കാപ്പി മോനെ നീ
കുടിക്കൂ പനി മാറണ്ടേ?
ഇപ്പനി പണിയാണെന്നാലും
ഉറങ്ങാന്‍ സുഖമൊന്നു വേറെതാന്‍
ചുരുണ്ട് കൂടി പുതപ്പിനാല്‍
മൂടി പുതച്ചു കിടക്കവേ
ഇപ്പനി മാറാതിരുന്നെങ്കില്‍
പള്ളിക്കൂടവും ടീച്ചറും
ചൂരലിമ്പോസിഷനെല്ലാം
സ്വപ്നമാകുന്നതും സുഖം.

2010 നവംബർ 6, ശനിയാഴ്‌ച

നിയമറാഗിംഗ്

ഓര്‍മ്മവെച്ച നാള്‍ മുതല്‍ സ്വപ്നമായിരുന്നെന്ടെ
ഈ കരിം കോട്ടും ടൈയും കോടതി വരാന്തയും.
ഇന്നു ഞാനെത്തിച്ചേര്‍ന്നൂ, നിയമകലാലയത്തിങ്കലീ
'നിയമഞ്ജര്‍' വാഴുമീ കൊട്ടാരത്തില്‍ .

കേള്‍ക്കണോ നിങ്ങള്‍ക്കെന്ടെ നാടിന്ടെ സംസ്കാരത്തെ
വാഴ്ത്തുമീ കോളേജിന്ടെ മഹത്താം പാരമ്പര്യം.
നാവറയ്ക്കുന്നൂ അന്നിന്‍ സത്യങ്ങള്‍ പുലമ്പുവാന്‍
വാക്കുകളില്ലായെന്ടെ ഓര്‍മ്മതന്‍ നിഘണ്ടുവില്‍ .

ആപ്പീസുമുറിയുടെ വഴികാട്ടിയായെന്നെ
എത്തിച്ചൂ ശൗച്യാലയത്തിന്നടുത്ത പടി വരെ,,
കൂടെയുണ്ടായോരെന്ടെ അച്ഛനെ ചൂണ്ടിക്കാട്ടി
കെട്ടിയോനിവനെന്നു കൊട്ടിഘോഷിച്ചൂ, ചിലര്‍ .

നിക്കെടീ നിവര്‍ന്നു നീ, ശിരസ്സു കുനിക്കെടീ,
കേട്ടു ഞാന്‍ ഞെട്ടിപ്പോയി, തല പോകുമോ ദൂരെ.
വക്കീലാവാന്‍ വന്നോളല്ലേ, കേള്‍ക്കട്ടേ പരിഞ്ജാനം
ചൊല്ലെടീ, എല്‍ .എല്‍ .ബീ ടെ ഫുള്ഫോമൊന്നുറക്കെയായ്.

'ബാച്ചിലര്‍ ലോ' യെന്നു ഞാന്‍ മൊഴിഞ്ഞൂ, മറുപടി,
തെറ്റിപ്പോയ്, നൂറാവൃത്തി എഴുതൂ, ഉടനടി.
എല്‍ .എല്‍ .ബിയെന്നാലിന്നു
"ലൈസന്‍സ് ഫോര്‍ ലോ ബ്രേക്കിംഗ് പോല്‍ "

കൊല്ലുവാനടിക്കുവാന്‍ , ടീച്ചറെ പഠിപ്പിക്കാന്‍
റോഡിലൂടോടും വണ്ടി തീവെച്ചു കരിച്ചിടാന്‍ ,
കാശിനച്ഛനെ വാങ്ങാന്‍ , ഗൌരീപുഷ്പ്മുണ്ടാക്കാന്‍
പ്യൂണിനെ പ്രിന്‍സിപ്പലായ് നിയമിക്കുവാന്‍ വരെ.

കേറെടീ ബന്ചിന്‍ മേലെ, ചാടടീ ഡസ്കില്‍ നിന്നും
ചൊല്ലെടീ ഇവനില്‍ നീ പൌരുഷം കാണുന്നുണ്ടോ?
ഓട്ടുമൊന്തപോലുള്ള മോന്തയാലൊരു പയ്യന്‍ ,
മുന്നില്‍ നില്ക്കുമാരൂപം കണ്ടു ഞാന്‍ വിറച്ചു പോയ്.

താടിമീശരോമത്താല്‍ വിഖ്യാതനല്ലോ, നമ്മിന്‍
കേരസാമ്രാജ്യത്തിന്ടെ മഹത്താം പുരുഷന്മാര്‍
'ആണെ'ന്നാകിലോയെന്നെയിവന്മാര്‍ കൊത്തിക്കൊല്ലും
അല്ലെന്നാകിലോയിവനൊറ്റയ്ക്കു വെട്ടിക്കൊല്ലും.

ഇടിവാളുപോലൊരു ബുദ്ധിയന്നുദിച്ചെന്നില്‍
ഇവനാണെന്‍ സങ്കല്പ പുരുഷന്നവതാരം."
ഏറെ നേരത്തിന്‍ മുമ്പേയെത്തിയ പോളിട്ടീച്ചര്‍
രക്ഷിച്ചൂ അന്നേരത്തെ മഹത്താം വിപത്തിനെ.

കേള്‍ക്കണോ ഇതിന്‍ പിന്നില്‍ മറയും സൈക്കോളജി,
ധീരയാക്കുവാനെന്നെ ഭീരുവിന്‍ തന്ത്രം നോക്കൂ.
തുല്യമന്ത്രമോതുന്ന ആര്‍ട്ടിക്കിള്‍ പതിനാലും
അവകാശ തത്വത്തിന്‍ ഭരണഘടനയും

ഇന്ത്യതന്‍ ശിക്ഷാവേദം പീനല്‍ കോഡൊന്നും തന്നെ
നിസ്സഹായയായ് നില്‍ ക്കുമന്നെന്നെത്തുണച്ചില്ലാ.
നീതിയ്ക്കായവകാശപ്പോരാട്ടക്കളത്തിങ്കല്‍
വക്കാലത്തു നല്‍ കേണ്ടുന്നോന്‍ വക്കീലായ് വിലസേണ്ടോന്‍
പ്രാകൃതന്‍ മാരാം വെറും കാട്ടിലെ മ്രുഗം പോലെ
ക്രൂരമീയനീതിതന്‍ ഭാഗഭാക്കായീടുന്നൂ.

2010 നവംബർ 2, ചൊവ്വാഴ്ച

മിഥ്യ

നടുമുറിഞ്ഞൊരെന്‍ പട്ടയ്ക്കുള്ളിലീ
കനവുദിച്ചതും‌ ശാപമായ് മാറിയോ?
പ്രിയസഖീ നമ്മളെത്ര രാപ്പകുതിയി
ല്‍കൂടൊഴിയാതെ കാത്തതാണീ രവം.

ഇന്നിനിയവ വേര്‍പ്പിരിയലിന്‍
ചൂടുതേങ്ങലായ് നേര്‍ത്തു നീങ്ങവേ
“സ്വാ‍ര്‍ത്ഥയാണു നീ കുത്തുവാക്കുകള്‍എ
ത്രയെന്ടെ മേല്‍ വര്‍ഷിച്ചിടുകിലും”
മൂകമാമെന്ടെ ആത്മദുഃഖമൊരു
കനല്‍കാറ്റായനാഥമായലയുന്നു.

നീരുറവയില്ല, മരുപ്പച്ചയില്ല
ശേഷിച്ചിട്ടില്ലെന്‍ പാഥേയത്തിലൊറ്റ
വറ്റുമിനിയെങ്കിലുമീയൂഷരഭൂമിയില്‍ഏ
കാന്തയാത്ര ഞാന്‍ തുടര്‍ന്നേ മതിയാകൂ.

മുള്ളുകള്‍, നെഞ്ചില്‍ തറയ്ക്കുന്ന
മുള്ളുകളാണെന്ടെ മുമ്പിലും ചുറ്റിലും
സഖീ,നീ, ചാരത്തു തന്നെയുണ്ടല്ലോ
മൂകസാക്ഷിയായെന്ടെ ഭാവങ്ങളെ
നിസ്സംഗയാക്കാതെ ദുഃഖ്മെന്നു നിന്നെ വിളിക്കിലും

എന്നേ നിര്‍ജ്ജീവമായൊരെന്‍
ജഡത്തിന്നരികില്‍ ജ്വലിക്കും
നിലവിളക്കിന്നന്ത്യനാ‍ളം പോലെനീ
കാത്തുനില്‍ക്കുക രണ്ടുമൂന്നു നാള്‍ കൂടി.

ഇല്ല നിമിഷങ്ങള്‍, ഓര്‍ത്തുപാടി
കരഞ്ഞുതീര്‍ക്കാനില്ല
സ്വന്തബന്ധങ്ങളൊന്നുമേ സമര്‍പ്പിക്കാന്‍.
എല്ലാം നിശ്ശബ്ദമായൊരുപിടി
ഭസ്മമായ്ഞാനോര്‍മ്മയായകലുന്നു
സഖീ, നീ കൂടെയുണ്ടോയെന്ടെ
ആജന്മ സഹചാരീ.

ഒരു മയില്‍ പീലി നാമ്പൊളിപ്പിച്ചു
പാഠപുസ്തകത്താളിലാക്കിഞാനരുമയായതിന്‍
കുഞ്ഞു വിരിയുവാനക്ഷമയോടെ
കാത്തിരുന്നൊരപ്പുലരിതോറും
ഹതാശരാകുമൊരോര്‍മ്മയില്‍സഖീ,
ഞാനറിഞ്ഞീടുന്നു,
മിഥ്യയായിരുന്നെന്നുമെന്നാശ്രയം
മിഥ്യയായിരുന്നെന്നുമെന്‍ കനവുകള്‍
ശൂന്യമാമീ
തമസ്സിലാണെന്നുമെന്‍മോഹം
ജനിച്ചതും പിടഞ്ഞു മരിച്ചതും

2010 ഒക്‌ടോബർ 30, ശനിയാഴ്‌ച

തീര്‍ഥാടനം

ഇന്നെന്റെ ആകാശത്തിലായിരം റോസാപ്പൂക്കള്‍
ഒന്നിച്ചു വിരിഞ്ഞതു നിങ്ങള്‍ കണ്ടതില്ലയോ?
നീലയാം വാനത്തിങ്കല്‍ തട്ട് തട്ടുകളായി
ധവള ധൂമങ്ങളേ ചലിക്കാതെ നീ നില്പൂ.
നിങ്ങള്‍ തന്നുദ്യാനത്തില്‍ ഞാന്‍ വരട്ടെയോ കൂടെ.
നിങ്ങള്‍ തന്‍ ദളങ്ങളെ ഞാനൊന്നു തലോടട്ടേ.
ഞാനൊന്നു ചുംബിക്കട്ടെ, നിന്റെ പൂമ്പോടികളെ,

നിന്നോരോ പടികളില്‍ ചവിട്ടി ചവിട്ടി
ഓ, മേഘസുന്ദരീ ഞാനും വരട്ടേ നിന്നോടൊപ്പം.
നിന്‍ വര്‍ണ്ണ ചിറകേറ്റി എന്നെ നീ ചുറ്റിക്കാമോ
ഈ വിശ്വ തലങ്ങളും ഗഗനാന്തരങ്ങളും.

കൂടുമോയെന്നോടൊപ്പം ഞാനാകും തീര്‍ഥാടക
ചരിക്കും പന്ഥാവിങ്കല്‍ സഖിയായ്‌ വരുമോ നീ.
എന്റെയീ ശരീരത്തെ ത്യജിക്കാം എന്നേക്കുമായ്
എന്നാലീ ആത്മാവിനെ വഹിക്കാനൊരുങ്ങുമോ?

പണ്ട് ഞാന്‍ സൂര്യന്നുള്ളില്‍ ജ്വലിക്കും പ്രകാശത്തെ
കൈകുംബിളിന്നകത്താക്കി നോക്കിയ നേരം കണ്ടൂ,
എന്നതേ മുഖം പിന്നെ മേഘ പാളിയാല്‍
തീര്‍ത്ത സുന്ദര കൊട്ടാരവും ഉള്ളിലാ മാലാഖയും.

മാനത്തു നിലാവൊന്നു വന്നു വീഴ്വതും കാത്തു
ഞാനിരുന്നേറെക്കാലം അച്ഛനെ കാണാനായി.
നിന്നുള്ളിലെ കറുപ്പിനെ അച്ഛനായ് നിനച്ചതിന്‍
ചാരത്തെ ചെറു രൂപം മകളാം ഞാനായെങ്കില്‍.

നക്ഷത്രം പൂക്കും കാലം ആഹ്ലാദത്തിമിര്‍പ്പോടെ തുള്ളി
ഞാന്‍ ചാന്‍ ചാടാറുന്ടെന്നാത്മാക്കളോടൊപ്പം ഭൂവില്‍.
മണ്ണിനെ പിരിഞ്ഞു പോം ഓരോരോ ശരീരവും
ദൂരെയങ്ങാകാശത്തില്‍ ആത്മാവായ് വിരിയുമോ?

2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച

മഴയോട്

നിന്നെയെന്നിക്കിഷ്ട്ടമായിരുന്നു,പണ്ടേ
കണ്ടതെന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെങ്കിലും
കുട പകുതി ചൂടിയും നനഞ്ഞും
തലയിലൂടിറ്റു വീഴുന്ന വെള്ളമല്പം നുണഞ്ഞും
പാവാട മൂടിയ കാല്‍ കൊണ്ട്
വഴിയിലെ ചെളി വെള്ളം തട്ടി കളിച്ചും
നനഞ്ഞൊട്ടിയ പുസ്തകം ബാഗിലമര്‍ത്തി
പിടിച്ചും പള്ളിക്കൂടത്തിലന്നു പോയതു
ഞാന്‍ നിന്നോടോപ്പമായിരുന്നു.

കരിയില പൊതിഞ്ഞ മാവിന്‍
ചുവട്ടിലൊരു മാമ്പഴം വീഴുന്നതും
കാത്തു വീര്‍പ്പടക്കി മറ്റാരും
ഓടിചെന്നെടുക്കും മുംപോടാന്‍
കാറ്റടിക്കുന്നത് കാത്തിരുന്നപ്പോഴും
നീ കൂടെയുണ്ടായിരുന്നു .

ആര്‍ത്തിയോടെ വീണ്ടും വീണ്ടും
ശ്വസിക്കാനിഷ്ട്ടമുള്ള പുതുമണ്ണിന്റെ
മണമെനിക്കു തന്നതും
ഒറ്റദിനം കൊണ്ടുയിര്‍ക്കുന്ന കൂണുകള്‍
പറ്റമായ് വളരുന്ന കാഴ്ചകള്‍ കണ്ടതും
കയ്യില്‍ പിടിക്കവേ കാണാതെ മറയുന്ന
ആലിപ്പഴം ഞാന്‍ പെറുക്കികളിച്ച്ചതുമെല്ലാം
നീ വരാറുള്ള സ്ന്ധ്യകളിലായിരുന്നു .

ചീവീടിന്റെ പാട്ടിനു താളം പിടിച്ചു
ഉറക്കം കാതോര്‍ത്ത രാവുകളില്‍
ആര്‍ത്തനാദവും ആലിമ്ഗനവുമായി
പുതപ്പിനടിയിലെക്കാവേശത്തോടെ
രാത്രി മഴയായി നീ എത്താറുള്ളപ്പോഴാണ്
ഞാന്‍ നീയുമായി തീവ്രാനുരാഗത്തിലാണെന്നു
തിരിച്ചറിയുന്നത്.

ഇന്ന് നീയ്ന്റെ വെള്ള സാരിയില്‍
ചുമപ്പു തുള്ളി നിറച്ചു
വികൃതി കാട്ടിയപ്പോള്‍ വഴക്ക്
പറഞ്ഞതോര്‍ത്തു വിഷമിക്കുകയാണ് ഞാന്‍
കുട കാണാത്തതിനാല്‍
എന്റെ കുട്ടനിന്നു സ്കൂളില്‍ പോയില്ല .
നിന്നെ എനിക്കിഷ്ട്ടമെന്നാകിലും
ഹൈ ഹീല്‍ട് ചെരിപ്പിട്ടു
വെള്ളത്തില്‍ നടന്നു തട്ടി വീഴുമ്പോള്‍
അറിയാതെ ചോദിച്ചു പോകുന്നു ,
എന്റെ പ്രിയമുള്ള സ്നേഹിതാ,നീ ഇങ്ങനെ
തോരാതെ പെയ്യണോ?

2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഒരു പ്രേമ സാകഷ്യം

നീ എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് ഞാനിപ്പോഴും.
ഒരു ദുഃസ്വപ്നം പോലുള്ള നമ്മുടെ കണ്ടുമുട്ടലും നിന്റെ പ്രകടനങ്ങളും എല്ലാം പേര്‍ത്തും പേര്‍ത്തും ഓര്‍മ്മയിലേക്ക് ഓടിയെത്തുന്നു.
എങ്കിലും
സുഹൃത്തെ, നിന്നില്‍ ഞാന്‍ കണ്ട ആദര്‍ശമെവിടെ? നിന്റെ ധീരതയെവിടെ?
നീ ആരെന്നുമെന്തെന്നും നിനക്കറിയാമായിരുന്നല്ലോ. എനിക്കതജ്ഞാതമെങ്കിലും.

സ്നേഹം ദിവ്യമാണ്, പരിപാവനമാണ്‌.
മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയുമെല്ലാം അഗാധവും തീവ്രവുമായ പ്രതിഫലനങ്ങളാണ്.
എങ്കില്‍,
അത് വ്യക്തമാക്കാനുപയോഗിച്ച്ച ഭാഷയും അക്ഷരങ്ങളും പുണ്യം തന്നെയല്ലേ.

പ്രണയം, അത് മരണത്തോടൊപ്പം മാത്രം നിലയ്ക്കുന്ന അനുഭൂതിയാണ്.
പ്രേമവും പ്രണയവും അടിച്ചമര്‍ത്തുമ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റ തേങ്ങലിനെ ഞാന്‍ വിഭ്രാന്തിയെന്ന് വിളിച്ചു.
ആലസ്യത്തിലോ അബോധാവസ്ഥയിലോ നീ ഉതിര്‍ത്ത പാഴ്വാക്കുകള്‍
ദിവ്യ പ്രേമത്തിന്റെ തേന്‍മൊഴികളായി ഞാന്‍ ശ്രവിച്ചപ്പോള്‍ അവയെനിക്ക് സാന്ത്വനമായിരുന്നു.

ഏകാന്തത അത് മരണത്തെക്കാള്‍ ഭീകരമാണ്.
സദാചാരത്തിന്റെ പടി വാതില്‍ക്കലെത്തുമ്പോള്‍ അത് നരകത്തെയും മറി കടക്കുന്നു.

എന്റെ ഏകാന്തതയ്ക്കും സദാചാര വലയത്തിനും സര്‍ വ്വോപരി വിഭ്രാന്തിക്കുമിടയില്‍
സാന്ത്വനം തേടി ഞാനലഞ്ഞപ്പോള്‍ പൊയ് മുഖവുമായി നീ എന്തിനവിടെ എത്തി.
കാപട്യമൊളിക്കാന്‍ നീ തേടിയെടുത്ത വികലമായ വിലയിരുത്തലുകള്‍ക്കൊപ്പം
ദിവ്യമെന്ന എന്റെ പ്രേമ സങ്കല്പ തലങ്ങളും അര്‍ത്ഥശൂന്യമാകുകയാണോ?

2010 ജൂലൈ 29, വ്യാഴാഴ്‌ച

പ്രണയം

പ്രണയം



മിഴിയിലായിരം വര്‍ണരാജിയായ്
നീ തൊടുത്തതാം അസ്ത്രമാണെന്നിലെ
പ്രണയമായെന്നും പൂത്തു വിരിഞ്ഞതും
കനവു തോറും പ്രതീക്ഷ നിറച്ചതും
നൈമിഷികമാം ഭാവത്തിലൊത്തിരി
വാക്ക് നിറച്ചു നിയെന്റെ വഴിയിലുടൊരു നനുത്ത കൈവീശലിന്‍
കാറ്റായ് പരന്നകന്നതോര്‍ക്കുന്നുവോ
അന്ന് പിറന്ന മോഹത്തെ പ്രേമമെന്നൊന്നു
വിളിക്കാന്‍, നിന്നിലെ കാമുകനായൊന്നു
ചുംബിക്കാന്‍ കൊതിക്കാനുമാകാതെ
കൌമാരമെന്നേ വിട ചൊല്ലിയകന്നു പോയ്‌.
എന്‍റെയേകാന്ത വീഥിയിലെങ്ങാനുമൊരു
പാഴ് ചെടിയനങ്ങുമ്പോള്‍
അതിലുടൊരിലയുര്‍ന്നു വീഴുമ്പോള്‍
നെഞ്ചോടമര്‍ത്തി വിതുമ്പുന്നു ഞാനിന്നും
കാതങ്ങലൊരുപാട് താണ്ടി ഞാനാ
കാല്പാടു കാണിച്ച പാതയും പിന്നിട്ടു
മേഘച്ചുരുള്‍കുട്ടില്‍ നിന്നെ പ്രതിഷ്ടിച്ചു
വൈധവ്യമാം ആട മേലെയണിയിച്ചു
ആകാശ ഗംഗയും ഭേദിച്ചു നീങ്ങവേ
എത്തി ഞാനിക്കടല്‍ തീരത്തു നമ്മുടെ
ആദ്യാനുരാഗം പുഷ്പിച്ച മുറ്റത്ത്‌
ആലിംഗനവുമായാ കാറ്റുമെത്തുമ്പോള്‍
വിറങ്ങലിച്ചോരെന്‍ പ്രണയമഞ്ചത്തില്‍
കരളു നേദിച്ചു ഞാന്‍ മടങ്ങിടവേ
കടലുപോലുമാര്‍ത്തലച്ചിടുന്നോ
തിരമാലയായതിന്‍ നോവുണര്‍ത്തുന്നുവോ.
അംബരവുമംബിളിയും സാക്ഷിയായിന്നലെ
നാം പങ്കുവെച്ച പ്രേമാര്‍ച്ച്ചനകളും
അക്കടല്‍ വെള്ളത്തിലുപ്പുപോല്‍ നമ്മുടെ
മോഹഭംഗങ്ങളും ചേര്‍ന്നിരിക്കുന്നുവോ
നൊമ്പരം കൊണ്ടു പുതപ്പിച്ചു ഞാനാ മോഹത്തെ
ഹൃത്തിന്റെ ചെപ്പിലോളിപ്പിച്ച്ചു വെച്ചിടാം.
ജിവനാമിത്തിരമാല ശാന്തമായിടും നാളെ
പ്രണയമേ നിന്‍ ചാരെ ഞാന്‍ പറന്നെത്തിടാം

2010 ജൂലൈ 26, തിങ്കളാഴ്‌ച

തോന്ന്യാക്ഷരം - 2007

ഏതു കാലത്തു നീയണഞ്ഞുവോ
എന്റെ ചാരത്തിതക്ഷരം
അമ്മ വായിലമ്മിഞ്ഞ തന്നതിന്‍
മുമ്പ് ചൊല്ലിയ ‘ആ’യിത്.
പിച്ചവെച്ചതിന്‍ ശേഷമാവുമോ
‘അമ്മ’യെന്ന കൂട്ടക്ഷരം.
നാവില്‍ ചാലിച്ചു കുറിച്ചു വെച്ച
ഹരി നാമ കീര്‍ത്തനം എഴുത്തക്ഷരം.
കല്ലുപെന്‍സിലിന്‍ തുമ്പൊടിച്ചു ഞാന്‍
വരച്ചു വെച്ച ആദ്യാക്ഷരം.
സ്ലേറ്റില്‍ ഞാനന്നു തുപ്പി മായിച്ചു
മാഷു കോറിയ ‘ശരി’ കളെ.
പറ പനകളും, തറ തലകളും
പാടിയാടിത്തിമിര്‍ത്തതും,
കോഴിയമ്മതന്‍ അപ്പമേളവും
ചൈത്രമൈത്രന്റെ ലാഭനഷ്ടവും
എത്രയാവര്‍ത്തി വായിച്ചു വായിച്ചു
വര്‍ഷപ്പരീക്ഷകളെത്ര ജയിച്ചു ഞാന്‍.
ആറുമേഴും നടന്നു കടക്കവേ
മുന്നില്‍ തടയുന്നു സന്ധി സമാസങ്ങള്‍.
ദ്വിത്വ സന്ധിയും ദ്വന്ദ്വ സമാസവും,
ആഗമാദേശ സന്ധികള്‍,
രൂപക തല്പുരുഷ ബഹുവ്രീഹി,
മഹാശാകുന്തള ശ്ലോകങ്ങള്‍,
വൃത്താലങ്കാര വാക്യങ്ങള്‍.
കേക, കാകളി, ശ്ലഥ കാകളി
പിന്നെ മഞ്ജരി നതോന്നത,
എല്ലാം വായിച്ചിതന്ത്യത്തില്‍
പത്താം തരമൊന്നു ജയിച്ചുപോയ്.
കോളേജിന്‍ പടിവാതില്‍ക്കല്‍
മാതൃഭാഷ രണ്ടാം തരമതുമോപ്ഷണല്‍.
എല്ലാരും പോയി ഹിന്ദിക്കായ്
കൂടീ ഞാനും കൂട്ടത്തില്‍.
കാലമതന്നേവരെ മലയാളത്തി-
ലൊന്നാമന്‍ ഞാന്‍, ഹിന്ദിയില്‍
നികൃഷ്ടനായ് പിന്നിലെ ബെഞ്ചില്‍ തന്നെ.
പിടയും നെഞ്ചോടവന്‍, നിറയും
മിഴിയുമായ്,വിറയ്ക്കും വിരലിനാല്‍
കുറിച്ചൂ മൌനാക്ഷരം.
“പാശ്ചാത്യ സൌന്ദര്യത്തില്‍,
ആംഗലേയ സാഹിത്യത്തില്‍,
പൌരസ്ത്യം മറക്കുന്ന കൂട്ടുകാരേ,
നിങ്ങള്‍,കൈരളീ മാതാവിന്റെ
രോദനം കേള്‍ക്കുന്നില്ലേ”.
ഹൃത്തു വേദനിക്കുമ്പോള്‍,
ലോകമേകമാകുമ്പോള്‍,
ആശ്രയിക്കുവാനിടം, ഇവിടം
എന്നക്ഷരം, എന്നിലെ തോന്ന്യാക്ഷരം