ജാലകം

2017 ജനുവരി 6, വെള്ളിയാഴ്‌ച


സങ്കല്പ ഭാരതം.
(ആയിരത്തി തൊള്ളായിരത്തി എൺപത്തി ആറിലെഴുതി എൺപത്തിയേഴിലെ അൽ അമീനിന്റെ മാഗസിനിൽ പ്രസിദ്ധീകരിച്ച എന്റെ ആദ്യ കവിത.)



പുണ്യയായ് സ്വതന്ത്രയായ്
ചരിക്കും മാതാവേ നിന്നോർമയിൽ
നീറുന്നൊരീ ചൂടിൽ
ഞാൻ ദഹിക്കുന്നൂ.

ധീരരാം മഹാത്മാക്കൾ
ചോരയിൽ കുളിച്ചിട്ട്
നേടിയ സ്വാതന്ത്ര്യത്തെ
ചൂടിയോരമേ നീയാ-
മിന്ത്യയെ രക്ഷിക്കുവാൻ
ബന്ധനം പൊട്ടിക്കുവാൻ
മാതൃ സ്നേഹിയാമെത്ര
മക്കളെ പിരിഞ്ഞു നീ.

ഇന്ന് നീ സ്വാതന്ത്രയാ -
മെങ്കിലും ഒന്നിൽ മാത്രം
ക്രൂരരാം ബ്രിട്ടീഷിനെ
തോൽപിച്ചെങ്കിലും പക്ഷേ
അക്രമം അനീതികൾ
വളർത്തി പൂജിച്ചല്ലോ
നിൻ പൂർവ്വികർ സ്വപനം
കണ്ടോരിന്ത്യയെ കണ്ടില്ലല്ലോ.

ആർഷ ഭാരതത്തിന്റെ
ആദർശ സങ്കൽപ്പങ്ങൾ
നിന്നിലൂടൊഴുകി ഞാൻ
നിർവൃതിയടയട്ടെ
മതത്തിൻ പേക്കോലങ്ങൾ
ചവിട്ടും നൃത്തങ്ങളിൽ
പാടാത്ത ഇന്ത്യാക്കാരൻ
പാഴ്സ്വപ്നങ്ങളിൽ മാത്രം.

ഭാരതം റോം ആക്കുവാൻ
ഭരിക്കും കൃസ്ത്യാനിയെ
ഹിന്ദുസ്ഥാൻ ഹിന്ദുക്കൾക്കാ_
യോതുന്ന ഹിന്ദുക്കളെ
ഇന്ത്യയെ ഇസ്ലാമാക്കാൻ
ചിന്തിക്കും മുസൽമാനെ
വഹിക്കും ഇന്ത്യക്കെന്നും
മോചനം സ്വപ്നം മാത്രം.

രാഷ്ട്രീയം ഭരിക്കാത്ത
മതങ്ങൾ വളരാത്ത
ജാതികൾ തളിർക്കാത്തോ -
രിന്ത്യയെ സങ്കല്പിക്കാം.


2011 ജൂൺ 25, ശനിയാഴ്‌ച

വൃദ്ധ സദനത്തിലെ അമ്മ

ആരോ തളിച്ച വെള്ളത്താല്‍
ഞാന്‍ മിഴി തുറക്കവേ,
ആള്‍ക്കൂട്ടം കാണാം
പോലീസകമ്പടി ചുറ്റിലും.
ഒന്ന് മാത്രമുണ്ടോര്‍മ്മ
ഒത്തിരി നേരം ഞാന്‍
തപസ്സിരിക്കുന്നൂ
ഇപ്പടിവാതില്‍ക്കല്‍.

അമ്മ പോയിത്തിരി നേരം
അപ്പുറത്തെ വീട്ടിലിരിക്കണം
ഷോപ്പിംഗിനായ്‌ പോയിട്ടല്പ
നേരം ഞാന്‍ കഴിഞ്ഞെത്താം
മരുമകള്‍ ഗേറ്റ് പൂട്ടി
കടന്നു കളഞ്ഞു ദൂരെ
ഫ്ലാറ്റിലൊറ്റ- യ്ക്കൊന്നു താമസി
ക്കാനീ തള്ള ഇത്ര നാളും ശല്യം.

മകനന്നു ഗള്‍ഫീന്ന് ചൊല്ലീ,
അമ്മയെ വൃദ്ധ സദനത്തിലാക്കം.
അന്ന് തൊട്ടിന്നേ വരെ
ഈ വൃദ്ധാലയമെന്റെ ശരണം.

ചായയ്ക്ക് ഗ്ലാസുമായ് രാവിലെ
ക്യൂവില്‍ നില്‍ക്കുമ്പോള്‍
അതിനോടൊപ്പമുണ്ടാവുമെന്‍
കണ്ണീരുപ്പും കരളിന്‍ തേങ്ങലും.
പൊന്നുണ്ണീ നിനക്ക് മുലപ്പാലൂട്ടി
നീ നുകര്‍ന്ന് ചിരിച്ചോരെന്നോര്‍മ്മ
ഈ ഭിക്ഷാ പാത്രത്തിലൊതുങ്ങുമോ

നിന്റെ കുഞ്ഞികാല്‍ പതിഞ്ഞോരാ
മണ്ണെടുത്തമ്മ ഉമ്മ വച്ചത്
നീയറിഞ്ഞില്ലാ.
ഇന്നീ പടിയില്‍ നിന്‍
കാല്‍ സ്പര്‍ശമേല്ക്കുന്നതും
കാത്തമ്മ നില്‍പ്പൂ നാലര
വര്ഷം കൊഴിഞ്ഞു പോയ്‌

പരിഭവം അമ്മയ്ക്കില്ല മകനേ
നീയെന്‍ ഹൃദയം പിളര്‍ന്നാലും
എന്നുണ്ണിയ്ക്കെന്നും സുഖമായിരിക്കണം
ഇത് തന്നമ്മ തന്‍ പ്രാര്‍ത്ഥന
ഇന്നീ വൃദ്ധ സദനത്തിലും
നാളെയെന്‍ പട്ടടയിലും.

2011 ജൂൺ 11, ശനിയാഴ്‌ച

താരാട്ട്

രാരാരം രാരാരം രാരാരം മോനെ
വാവാവം വാവാവം വാവാവോ
പണ്ടേ കനവില്‍ നീ വന്നില്ലാ മോനെ
അമ്മതന്‍ കണ്ണീരിന്‍ കാലത്തില്‍.
ഏതോ നിയോഗത്തിന്‍ താരാട്ടായെന്റെ
ജീവിത പന്ഥാവില്‍ നീ വന്നൂ....
രാരീരം രാരീരം രാരീരം മോനെ
വാവാവം വാവാവം വാവാവോ
രണ്ടാം വയസ്സിലേ നീ ചൊല്ലീ
അമ്മേ, പോയൊരെന്‍ അച്ചനും പൊയ്ക്കോട്ടേ
കുട്ടനു കാണാനീ ചിത്രം മതി
അച്ചന്‍ താഴോട്ടൊരിക്കലും എത്തേണ്ടാ.
അന്ന് തൊട്ടിന്നേവരെ മോനെ നീ
അച്ഛനെ ചൊല്ലി വലച്ചില്ലാ.
ഓര്‍മ്മയില്‍ വാവിട്ടു കരയുന്നോരെന്റെ
കണ്ണീരില്‍ നീയന്നു താരാട്ടീ,
രാരീരം രാരീരം രാരീരം മമ്മീ
വാവാവം വാവാവം വാവാവോ
ഇന്നെന്റെ പൊന്നുമോന്‍ അറിയേണം
കുഞ്ഞുകുസൃതികള്‍ കാട്ടുമ്പോള്‍
അമ്മയെ ധിക്കരിച്ചോടുമ്പോള്‍
വാക്കിന്നെതിര്‍ തരം ചൊല്ലുമ്പോള്‍
ആരാരും ഇല്ലാത്ത ലോകത്തില്‍
ദൈവമെന്നിയെ നീ തന്നെടാ.
രാരാരം രാരാരം രാരാരം മോനെ
വാവാവം വാവാവം വാവാവോ
ഇന്നെന്റെ താരാട്ടില്‍ നീ ചൊല്ലീ..
ഒന്ന് പോകുമോ ശല്യമായ് നീ മമ്മീ

2011 ഏപ്രിൽ 3, ഞായറാഴ്‌ച

അഭയാര്‍ത്ഥി

നിനവുകളില്‍ ഞാന്‍ മറഞ്ഞിരിക്കുമ്പോള്‍
കനവു വന്നെന്നെ മെല്ലെത്തലോടുന്നു.
ഓര്‍ക്കവേണ്ട നീ ഭൂതകാലത്തിന്റെ
വിഴുപ്പു പേറുമാ മുഷിഞ്ഞ വസ്ത്രവും
നടന്നു നീങ്ങിയ തലമുറക്കൂട്ടവും
കുടിയൊഴിക്കലും പലായന സ്വപ്നവും
മണ്ണടിഞ്ഞൊരാ സ്വരാജ്യസ്നേഹവും.

മനസ്സിലാവില്ല നിനക്ക് വേദന
പറന്നു പോകുന്ന കിളിതന്‍ ചിറകുകള്‍
അരിഞ്ഞു വീഴ്ത്തിയാല്‍
പതിച്ചിടുമതുംമണ്ണിലെന്നാകിലോ
ഞങ്ങള്‍ക്കില്ല പോകാനിടം, വീട്, രാജ്യം
ഇതു വെറും പ്രവാസകേന്ദ്രം.

മത്സരിച്ചോടുന്ന പട്ടാള നിഷ്ഠൂരത
പാറിപ്പറക്കും വെടിയുണ്ടകള്‍ വിണ്ണില്‍
കണ്മുന്നില്‍ വെട്ടിപ്പിളര്‍ക്കും മാതൃഹൃദയങ്ങള്‍
സ്വസഹോദരിതന്‍ മാനഭംഗങ്ങള്‍
കണ്ടു വളര്‍ന്ന നിസ്സഹായതതന്‍ ബാല്യം.

ബാക്കി വന്ന വയറുകള്‍ക്കന്നം തേടിയിവിടെയിന്നലെ
ഇന്നില്ല രാജ്യം സ്വന്തമതെന്നു ചൊല്ലാന്‍.
നിരങ്ങി നീങ്ങുന്നു അഭയാര്‍ത്ഥികളാവാനേതു
ഭൂഖണ്ഡമായാലുമതെന്റേതാകില്ലെന്നാകിലും.

ഓര്‍മ്മകളിലെന്നുമുണ്ടായിരിക്കുമൊരു
നാടുണ്ടായിരുന്നു, മരുഭൂവിതന്‍ മാറില്‍.
മഴയില്ല, മഞ്ഞില്ല, പുഴയില്ല, കിളിയില്ല
സുന്ദരമെന്നതിനെ വിളിച്ചു ഞാന്‍.

അറുത്തു മാറ്റുന്ന ചോരക്കുരുന്നിന്‍ ശിരസ്സും
തുളച്ചു കയറും വെടിയുതിര്‍ക്കും നിണവും
വളമായ് വളര്‍ത്തുന്ന എണ്ണപ്പാടങ്ങള്‍,
അവയായിരുന്നെന്റെ നാടിന്റെ തീരാശാപം.

വര്‍ഗ്ഗീയ കലാപങ്ങള്‍, വംശീയ പോരാട്ടങ്ങള്‍
പിടിച്ചെടുക്കലുകള്‍, അടിച്ചമര്‍ത്തലുകള്‍
എല്ലാം കഴിഞ്ഞെണ്ണി നോക്കുമ്പോള്‍
വംശ വര്‍ഗ്ഗങ്ങള്‍ ശൂന്യം.

അപ്പൊഴും കെട്ടഴിക്കാത്ത കണ്ണു-
മായ്നീതിദേവത ത്രാസ്സില്‍ സുരക്ഷിത.

2010 നവംബർ 22, തിങ്കളാഴ്‌ച

സ്ത്രീയെന്ന പാഴ്കനി.

തിക്ത ഭാവത്തിന്റെ അഗ്നികുണ്ഡത്തിലീ
ശാപ വര്‍ഷത്തിന്റെ തീരാ ധ്വനികളില്‍
എന്നന്തരാത്മാവിന്‍ രാഗമായ് തീരുമീ
അക്ഷര കൂട്ടമേ നീയും പുരുഷനോ?

ബ്രഹ്മ സായൂജ്യ വഴിയോതുന്ന മന്ത്രവും
പുണ്ഠരീകോത്ഭവന്‍ വാഴുമാ ക്ഷേത്രവും
ദേവനെ കാക്കുമീ തന്ത്രിയും പുരുഷാ, നീ
നൂറ്റാണ്ടുകളായ് പോറ്റിയ സൃഷ്ടികള്‍.

സൃഷ്ടിക്കപവാദമായ് പിറന്നധി ശാപമായ്
ക്രൂരമാം നിന്നിലെ വാരിയെല്ലില്‍, അന്ന്
തൊട്ടിന്നു വരെയെന്റെ കണ്ണ് നീര്‍
ഭൂവില്‍ പതിക്കുന്നു, സ്ത്രീത്വമെന്നെന്റെ പേര്‍ .

വിപ്ലവഗാഥകളോതുന്ന മന്ത്രങ്ങളൊക്കെയും.
നിന്‍ മഹത് പൌരുഷം പാടവേ
എന്റെ തീരാ ഗര്‍ഭ നോവേറ്റു പെറ്റ
കുഞ്ഞിന്റെ അസ്തിത്വവും മാറ്റി നീ നില്‍ക്കുന്നു.

സ്ത്രീ നിനക്കെന്നും കളിപ്പാട്ടമായ്
രതി ക്രീഡകള്‍ തീര്‍ക്കുമോരായുധമാകവേ
അന്യനാകുന്നില്ലെനിക്ക് നീ അച്ഛനായ്
പുത്രനായെന്റെ സര്‍വ്വസ്വമാകുന്നെന്നും

ഏതേതിഹാസകാവ്യത്തിനുള്ളിലും
ഏതു യുഗത്തി൯ ചരിത്രത്തിനുള്ളിലും
പച്ചയായ് കാണ്മൂ ഞാനീ യൊരേ ധ്വനി
വേണ്ടയീ മണ്ണില്‍ നീയാം വെറും പാഴ് കനി. .

പാതിവ്രത്യ പരീക്ഷണ ചൂളയില്‍
പരിത്യക്തയാം സീതയായ് പണയ കുരുക്കില്‍
വിവസ്ത്രയാം കൃഷ്ണയായ് കത്തിയാളും
ചിതയിലെരിഞ്ഞൂ സതിയായി ഞാന്‍.

നീണ്ടോരിരുപതു നൂറ്റാണ്ടുകളെന്റെ
ഹൃത്ത് വാര്‍ന്നോഴുകുമീ രക്തപ്പുഴയോക്കെ
ഭാവനയാകവേ മാറില്ല വാക്കുകള്‍
സ്ത്രീയായിരിക്കും പ്രതിധ്വനിയായെന്നും

2010 നവംബർ 13, ശനിയാഴ്‌ച

പനി

മുറ്റത്തു വീഴുന്ന വെള്ളത്തെ
മഴയായറിയാത്ത നാളില്‍ ഞാന്‍
തുള്ളിക്കളിക്കാനായെത്തി
നിന്‍ ചാരെ പൊട്ടിച്ചിരിയുമായ് .
മഴ നീ നനഞ്ഞുവോ ഉണ്ണീ,
ഓടിക്കിതച്ഛമ്മയടുത്തെത്തി.
പനിയായ് മാറിടും നാളെ
തോര്‍ ത്തിനാല്‍ മെല്ലെ തുടപ്പിച്ച്ചു.
കണ്ണ് പൂട്ടി ഞാനുറങ്ങവേ,
ശ്വാസം മെല്ലെ തടയുന്നുവോ?
കരയാതെന്റെ കണ്‍കളില്‍
കണ്ണുനീര്‍ നിറയുന്നതെന്തിനോ?
കനം പേറുന്ന തലയുമായ്
ആയാസപ്പെട്ട്‌ ചുമയ്ക്കവേ
അമ്മ വീണ്ടും ചൊല്ലുന്നൂ
ഉണ്ണീ പനി നീ വരുത്തിയോ?
ഉറക്കം വിട്ടെഴുന്നേറ്റു തലയെന്റെ
തൊട്ടു തലോടുന്നു,
ഈശ്വരാ, നല്ല പനിയല്ലോ
ഓടുന്നടുക്കള തന്നിലായ്
ചുക്ക് കാപ്പി മോനെ നീ
കുടിക്കൂ പനി മാറണ്ടേ?
ഇപ്പനി പണിയാണെന്നാലും
ഉറങ്ങാന്‍ സുഖമൊന്നു വേറെതാന്‍
ചുരുണ്ട് കൂടി പുതപ്പിനാല്‍
മൂടി പുതച്ചു കിടക്കവേ
ഇപ്പനി മാറാതിരുന്നെങ്കില്‍
പള്ളിക്കൂടവും ടീച്ചറും
ചൂരലിമ്പോസിഷനെല്ലാം
സ്വപ്നമാകുന്നതും സുഖം.

2010 നവംബർ 6, ശനിയാഴ്‌ച

നിയമറാഗിംഗ്

ഓര്‍മ്മവെച്ച നാള്‍ മുതല്‍ സ്വപ്നമായിരുന്നെന്ടെ
ഈ കരിം കോട്ടും ടൈയും കോടതി വരാന്തയും.
ഇന്നു ഞാനെത്തിച്ചേര്‍ന്നൂ, നിയമകലാലയത്തിങ്കലീ
'നിയമഞ്ജര്‍' വാഴുമീ കൊട്ടാരത്തില്‍ .

കേള്‍ക്കണോ നിങ്ങള്‍ക്കെന്ടെ നാടിന്ടെ സംസ്കാരത്തെ
വാഴ്ത്തുമീ കോളേജിന്ടെ മഹത്താം പാരമ്പര്യം.
നാവറയ്ക്കുന്നൂ അന്നിന്‍ സത്യങ്ങള്‍ പുലമ്പുവാന്‍
വാക്കുകളില്ലായെന്ടെ ഓര്‍മ്മതന്‍ നിഘണ്ടുവില്‍ .

ആപ്പീസുമുറിയുടെ വഴികാട്ടിയായെന്നെ
എത്തിച്ചൂ ശൗച്യാലയത്തിന്നടുത്ത പടി വരെ,,
കൂടെയുണ്ടായോരെന്ടെ അച്ഛനെ ചൂണ്ടിക്കാട്ടി
കെട്ടിയോനിവനെന്നു കൊട്ടിഘോഷിച്ചൂ, ചിലര്‍ .

നിക്കെടീ നിവര്‍ന്നു നീ, ശിരസ്സു കുനിക്കെടീ,
കേട്ടു ഞാന്‍ ഞെട്ടിപ്പോയി, തല പോകുമോ ദൂരെ.
വക്കീലാവാന്‍ വന്നോളല്ലേ, കേള്‍ക്കട്ടേ പരിഞ്ജാനം
ചൊല്ലെടീ, എല്‍ .എല്‍ .ബീ ടെ ഫുള്ഫോമൊന്നുറക്കെയായ്.

'ബാച്ചിലര്‍ ലോ' യെന്നു ഞാന്‍ മൊഴിഞ്ഞൂ, മറുപടി,
തെറ്റിപ്പോയ്, നൂറാവൃത്തി എഴുതൂ, ഉടനടി.
എല്‍ .എല്‍ .ബിയെന്നാലിന്നു
"ലൈസന്‍സ് ഫോര്‍ ലോ ബ്രേക്കിംഗ് പോല്‍ "

കൊല്ലുവാനടിക്കുവാന്‍ , ടീച്ചറെ പഠിപ്പിക്കാന്‍
റോഡിലൂടോടും വണ്ടി തീവെച്ചു കരിച്ചിടാന്‍ ,
കാശിനച്ഛനെ വാങ്ങാന്‍ , ഗൌരീപുഷ്പ്മുണ്ടാക്കാന്‍
പ്യൂണിനെ പ്രിന്‍സിപ്പലായ് നിയമിക്കുവാന്‍ വരെ.

കേറെടീ ബന്ചിന്‍ മേലെ, ചാടടീ ഡസ്കില്‍ നിന്നും
ചൊല്ലെടീ ഇവനില്‍ നീ പൌരുഷം കാണുന്നുണ്ടോ?
ഓട്ടുമൊന്തപോലുള്ള മോന്തയാലൊരു പയ്യന്‍ ,
മുന്നില്‍ നില്ക്കുമാരൂപം കണ്ടു ഞാന്‍ വിറച്ചു പോയ്.

താടിമീശരോമത്താല്‍ വിഖ്യാതനല്ലോ, നമ്മിന്‍
കേരസാമ്രാജ്യത്തിന്ടെ മഹത്താം പുരുഷന്മാര്‍
'ആണെ'ന്നാകിലോയെന്നെയിവന്മാര്‍ കൊത്തിക്കൊല്ലും
അല്ലെന്നാകിലോയിവനൊറ്റയ്ക്കു വെട്ടിക്കൊല്ലും.

ഇടിവാളുപോലൊരു ബുദ്ധിയന്നുദിച്ചെന്നില്‍
ഇവനാണെന്‍ സങ്കല്പ പുരുഷന്നവതാരം."
ഏറെ നേരത്തിന്‍ മുമ്പേയെത്തിയ പോളിട്ടീച്ചര്‍
രക്ഷിച്ചൂ അന്നേരത്തെ മഹത്താം വിപത്തിനെ.

കേള്‍ക്കണോ ഇതിന്‍ പിന്നില്‍ മറയും സൈക്കോളജി,
ധീരയാക്കുവാനെന്നെ ഭീരുവിന്‍ തന്ത്രം നോക്കൂ.
തുല്യമന്ത്രമോതുന്ന ആര്‍ട്ടിക്കിള്‍ പതിനാലും
അവകാശ തത്വത്തിന്‍ ഭരണഘടനയും

ഇന്ത്യതന്‍ ശിക്ഷാവേദം പീനല്‍ കോഡൊന്നും തന്നെ
നിസ്സഹായയായ് നില്‍ ക്കുമന്നെന്നെത്തുണച്ചില്ലാ.
നീതിയ്ക്കായവകാശപ്പോരാട്ടക്കളത്തിങ്കല്‍
വക്കാലത്തു നല്‍ കേണ്ടുന്നോന്‍ വക്കീലായ് വിലസേണ്ടോന്‍
പ്രാകൃതന്‍ മാരാം വെറും കാട്ടിലെ മ്രുഗം പോലെ
ക്രൂരമീയനീതിതന്‍ ഭാഗഭാക്കായീടുന്നൂ.